Month: ഫെബ്രുവരി 2020

ദൈവം എന്ന യാഥാര്‍ത്ഥ്യം

സി.എസ്.ലൂയിസിന്റെ ക്രോണിക്കിള്‍സ് ഓഫ് നാര്‍ണിയ: ദി ലയണ്‍, ദി വിച്ച് അന്‍ഡ് ദി വാര്‍ഡ്‌റോബ് എന്ന സാങ്കല്‍പ്പിക നോവലില്‍ ശക്തനായ സിംഹം അസ്‌ലാന്‍ നീണ്ട അസാന്നിധ്യത്തിനുശേഷം പ്രത്യക്ഷപ്പെടുമ്പോള്‍ നാര്‍ണിയ മുഴുവനും ആഹ്ലാദഭരിതമായി. എന്നിരുന്നാലും, ദുഷ്ടയായ വെളുത്ത മന്ത്രവാദിനിയുടെ ആവശ്യം അസ്‌ലാന്‍ അംഗീകരിക്കുമ്പോള്‍ അവരുടെ സന്തോഷം ദുഃഖമായി മാറുന്നു. അസ്‌ലാന്റെ പ്രത്യക്ഷമായ തോല്‍വി നാര്‍ണിയക്കാര്‍ പ്രതീക്ഷിക്കുന്ന സമയത്ത്, അസ്‌ലാന്റെ കാതുതുളയ്ക്കുന്ന അലര്‍ച്ച കേള്‍ക്കുകയും മന്ത്രവാദിനി ഭയന്ന് ഓടിപ്പോകുകയും ചെയ്യുന്നു. എല്ലാം നഷ്ടപ്പെട്ടതായി നാര്‍ണിയക്കാര്‍ക്ക് തോന്നിയ സന്ദര്‍ഭത്തില്‍ അസ്‌ലാന്‍ ആത്യന്തികമായി വില്ലന്‍ മന്ത്രവാദിനിയേക്കാള്‍ ശക്തനാണെന്ന് തെളിയിക്കപ്പെടുന്നു.

ലൂയിസിന്റെ കഥയിലെ അസ്‌ലാന്റെ അനുയായികളെപ്പോലെ, എലീശയുടെ ദാസനും ഒരു പ്രഭാതത്തില്‍ എഴുന്നേറ്റപ്പോള്‍ തന്നെയും എലീശയെയും ഒരു ശത്രുസൈന്യം വളഞ്ഞിരിക്കുന്നതായി കണ്ടു. ''അയ്യോ, യജമാനനേ! നാം എന്തു ചെയ്യും?''അവന്‍ ഭയത്തോടെ നിലവിളിച്ചു (2 രാജാക്കന്മാര്‍ 6:15). പ്രവാചകന്റെ പ്രതികരണം ശാന്തമായിരുന്നു: ''പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവര്‍ അവരോടുകൂടെയുള്ളവരെക്കാള്‍ അധികം' (വാ. 16). അപ്പോള്‍ എലീശാ പ്രാര്‍ത്ഥിച്ചു, ''യഹോവേ, ഇവന്‍ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കണമേ'' (വാ. 17). അപ്പോള്‍, ''യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവന്‍ കണ്ടു.'' (വാ. 17). ആദ്യം കാര്യങ്ങള്‍ ദാസന്റെ കണ്ണില്‍ മങ്ങിയതായി തോന്നിയെങ്കിലും, ദൈവത്തിന്റെ ശക്തി ആത്യന്തികമായി ശത്രുക്കൂട്ടത്തേക്കാള്‍ വലുതായി തെളിഞ്ഞു.

നമ്മുടെ പ്രയാസകരമായ സാഹചര്യങ്ങള്‍ എല്ലാം നഷ്ടപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിച്ചേക്കാം, എന്നാല്‍ നമ്മുടെ കണ്ണുതുറന്ന് താന്‍ വലിയവനാണെന്ന് വെളിപ്പെടുത്താന്‍ ദൈവം ആഗ്രഹിക്കുന്നു.

സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്

ബാര്‍ട്ട് മില്ലാര്‍ഡ് 2001 ല്‍ ''എനിക്ക് സങ്കല്‍പ്പിക്കാന്‍ മാത്രമേ കഴിയൂ'' എന്ന് എഴുതിയപ്പോള്‍ അതൊരു മെഗാഹിറ്റ് ആയി. ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ ആയിരിക്കുന്നത് എത്രമാത്രം അത്ഭുതകരമായിരിക്കുമെന്ന് ഈ ഗാനം ചിത്രീകരിക്കുന്നു. അടുത്ത വര്‍ഷം ഞങ്ങളുടെ പതിനേഴുവയസ്സുള്ള മകള്‍ മെലിസ ഒരു വാഹനാപകടത്തില്‍ മരണമടഞ്ഞപ്പോള്‍ മില്ലാര്‍ഡിന്റെ വരികള്‍ ഞങ്ങളുടെ കുടുംബത്തിന് ആശ്വാസം പകര്‍ന്നു, അവള്‍ ദൈവസാന്നിധ്യത്തില്‍ ഇരിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ സങ്കല്‍പ്പിച്ചു.

എന്നാല്‍ മെല്ലിന്റെ മരണത്തിന് ശേഷമുള്ള ദിവസങ്ങളില്‍ എന്നോട് മറ്റൊരു രീതിയില്‍ ആ വരികള്‍ എന്നോടു സംസാരിച്ചു. മെലിസയുടെ സുഹൃത്തുക്കളുടെ പിതാക്കന്മാര്‍ ഉത്കണ്ഠയോടും വേദനയോടും കൂടെ എന്നെ സമീപിക്കുമ്പോള്‍ അവര്‍ പറഞ്ഞു, ''താങ്കള്‍ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല.'

അവരുടെ വികാരപ്രകടനങ്ങള്‍ സഹായകരമായിരുന്നു, അവര്‍ നമ്മുടെ നഷ്ടത്തെ സഹാനുഭൂതിയോടെ മനസിലാക്കുന്നുവെന്ന് അതു കാണിക്കുന്നു - അത് സങ്കല്‍പ്പിക്കാനാവാത്തതാണെന്നവര്‍ മനസ്സിലാക്കുന്നു
.
''കൂരിരുള്‍ താഴ്വരയിലൂടെ'' നടക്കുന്നതിനെക്കുറിച്ച് ദാവീദ് വിശദീകരിച്ചപ്പോള്‍ (സങ്കീര്‍ത്തനം 23:4) വലിയ നഷ്ടത്തിന്റെ ആഴമാണ് ദാവീദ് ചൂണ്ടിക്കാണിക്കുന്നത്. പ്രിയപ്പെട്ട ഒരാളുടെ മരണം ആകാം അത്, മാത്രമല്ല നാം എങ്ങനെയാണ് ഇരുട്ടിനെ തരണം ചെയ്യാന്‍ പോകുന്നുതെന്ന് നമുക്ക്് അറിയുകയുമില്ല. മറുവശത്ത് പുറത്തുവരാന്‍ കഴിയുമെന്ന് നമുക്ക് സങ്കല്‍പ്പിക്കാനാവില്ല.

എന്നാല്‍ ഇപ്പോള്‍ കൂരിരുള്‍ താഴ്വരയില്‍ നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നതിനാല്‍, താഴ്‌വരയ്ക്കപ്പുറം നാം അവിടുത്തെ സന്നിധിയില്‍ ആയിരിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് ഭാവിയിലേക്കുള്ള വലിയ പ്രത്യാശയും അവിടുന്ന് നല്‍കുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ''ശരീരം വിടുക'' എന്നാല്‍ അവനോടൊപ്പം ആയിരിക്കുക (2 കൊരിന്ത്യര്‍ 5: 8) എന്നാണ്. അവനുമായും മറ്റുള്ളവരുമായും നമ്മുടെ ഭാവി പുനഃസമാഗമം സങ്കല്‍പ്പിക്കുമ്പോള്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വഴിയിലൂടെ മുന്നേറാന്‍ അത് സഹായിക്കും.

എന്നേക്കും സന്നിഹിതമായ സാന്നിധ്യം

2018 ലോകകപ്പിനിടെ കൊളംബിയന്‍ ഫോര്‍വേഡ് റഡാമെല്‍ ഫാല്‍ക്കാവോ പോളണ്ടിനെതിരായ എഴുപതാം മിനിറ്റില്‍ ഗോള്‍ നേടി, വിജയം ഉറപ്പിച്ചു. അന്താരാഷ്ട്ര മത്സരത്തില്‍ ഫാല്‍ക്കാവോയുടെ മുപ്പതാമത്തെ നാടകീയ ഗോളായിരുന്നു അത്്. അന്താരാഷ്ട്ര മത്സരത്തില്‍ ഒരു കൊളംബിയന്‍ കളിക്കാരന്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ബഹുമതി അ്‌ദ്ദേഹത്തിനു നേടിക്കൊടുത്തു.

ഫാല്‍ക്കാവോ പലപ്പോഴും തന്റെ വിജയം സോക്കര്‍ പിച്ചില്‍ തന്റെ വിശ്വാസം പങ്കുവെയ്ക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു സ്‌കോര്‍ കഴിഞ്ഞ്, ''യേശുവിനോടൊപ്പം നിങ്ങള്‍ ഒരിക്കലും തനിച്ചായിരിക്കില്ല'' എന്നു രേഖപ്പെടുത്തിയിട്ടുള്ള തന്റെ ഷര്‍ട്ടു കാണിക്കാനായി തന്റെ ജേഴ്‌സി അദ്ദേഹം ഊരി മാറ്റാറുണ്ട്.

ഫാല്‍ക്കാവോയുടെ പ്രസ്താവന യേശുവിന്റെ ആശ്വാസകരമായ വാഗ്ദാനം നമുക്കു ചൂണ്ടിക്കാണിച്ചു തരുന്നു, ''ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്'' (മത്തായി 28:20). താന്‍ സ്വര്‍ഗത്തിലേക്ക് മടങ്ങാന്‍ പോകുകയാണെന്ന് അറിഞ്ഞ യേശു, തന്റെ ആത്മാവിന്റെ സാന്നിധ്യത്താല്‍ താന്‍ എപ്പോഴും അവരോടൊപ്പമുണ്ടാകുമെന്ന് ഉറപ്പുനല്‍കി ശിഷ്യന്മാരെ ആശ്വസിപ്പിച്ചു (വാ. 20; യോഹന്നാന്‍ 14:16-18). യേശുവിന്റെ സന്ദേശം സമീപവും വിദൂരവുമായ നഗരങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ ക്രിസ്തുവിന്റെ ആത്മാവ് അവരെ ആശ്വസിപ്പിക്കുകയും നയിക്കുകയും സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. അപരിചിതമായ സ്ഥലങ്ങളില്‍ അവര്‍ ഏകാന്തതയുടെ തീവ്രത അനുഭവിക്കുമ്പോള്‍, അവരോടൊപ്പമുള്ള അവന്റെ സാന്നിധ്യത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ക്രിസ്തുവിന്റെ വാക്കുകള്‍ അവരുടെ കാതുകളില്‍ പ്രതിധ്വനിക്കും.

നാം എവിടെ പോയാലും, വീടിനടുത്തായാലും വിദൂരമായാലും, അറായത്തയിടത്തേക്ക് യേശുവിനെ പിന്തുടരുമ്പോള്‍ നമുക്കും ഇതേ വാഗ്ദാനത്തില്‍ പറ്റിനില്‍ക്കാം. ഏകാന്തതയുടെ വികാരങ്ങള്‍ നാം അനുഭവിക്കുമ്പോഴും, യേശുവിനോടുള്ള പ്രാര്‍ത്ഥനയില്‍ എത്തിച്ചേരുമ്പോള്‍, അവന്‍ നമ്മോടൊപ്പമുണ്ടെന്ന് അറിയുന്നതിലൂടെ നമുക്ക് ആശ്വാസം ലഭിക്കും.

സ്‌നേഹത്തില്‍ വിഭജിപ്പെടുക

വിവാദമായ സിംഗപ്പൂര്‍ നിയമത്തെക്കുറിച്ച് പൊതുചര്‍ച്ച പൊട്ടിപ്പുറപ്പെട്ടപ്പോള്‍, അതു വിശ്വാസികളെ വ്യത്യസ്ത വീക്ഷണങ്ങളിലായി വിഭജിച്ചു. ചിലര്‍ മറ്റുള്ളവരെ ''സങ്കുചിത ചിന്താഗതിക്കാര്‍'' എന്ന് വിളിക്കുകയോ അവരുടെ വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് ആരോപിക്കുകയോ ചെയ്തു.

തര്‍ക്കങ്ങള്‍ ദൈവത്തിന്റെ കുടുംബത്തില്‍ കഠിനമായ ഭിന്നതയുണ്ടാക്കുകയും ആളുകളെ വളരെയധികം വേദനിപ്പിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യും. ബൈബിളിലെ പഠിപ്പിക്കലുകള്‍ എന്റെ ജീവിതത്തില്‍ എങ്ങനെ ബാധകമാക്കുന്നു എന്നതിനെക്കുറിച്ചുള്ള വ്യക്തിപരമായ ബോധ്യങ്ങളില്‍ ഞാന്‍ എന്നെ ചെറുതായി കാണുന്നു. ഞാന്‍ വിയോജിക്കുന്ന മറ്റുള്ളവരെ വിമര്‍ശിക്കുന്നതില്‍ ഞാനും ഒരുപോലെ കുറ്റക്കാരനാണെന്ന് എനിക്ക് ഉറപ്പുണ്ട്.

പ്രശ്‌നം, നമ്മുടെ കാഴ്ചപ്പാടുകള്‍ എന്തിനുവേണ്ടിയാണ് എന്നതോ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതോ അല്ല, മറിച്ച് അത് ചെയ്യുമ്പോള്‍ നമ്മുടെ ഹൃദയത്തിന്റെ മനോഭാവം എന്താണ് എന്നതാണെന്ന് ഞാന്‍ ചിന്തിക്കുന്നു. നാം കാഴ്ചപ്പാടുകളോട് വിയോജിക്കുകയാണോ അതോ അവയ്ക്കു പിന്നിലുള്ള ആളുകളെ കീറിമുറിക്കാന്‍ ശ്രമിക്കുകയാണോ?

എങ്കിലും നാം തെറ്റായ പഠിപ്പിക്കലിനെ അഭിസംബോധന ചെയ്യാനോ നമ്മുടെ നിലപാട് വിശദീകരിക്കാനോ ചില അവസരങ്ങളുണ്ട്. താഴ്മ, സൗമ്യത, ക്ഷമ, സ്നേഹം എന്നിവ ഉപയോഗിച്ച് അവ പ്രകടിപ്പിക്കണമെന്ന് എഫെസ്യര്‍ 4:2-6 നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാറ്റിനുമുപരിയായി, ''ആത്മാവിന്റെ ഐക്യം നിലനിര്‍ത്താന്‍'' എല്ലാ ശ്രമങ്ങളും നടത്തുക (വാ. 3).

ചില വിവാദങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരും. എന്നിരുന്നാലും, ദൈവത്തിന്റെ വചനം നമ്മെ എല്ലായ്പ്പോഴും ഓര്‍മ്മിപ്പിക്കുന്നത് ആളുകളുടെ വിശ്വാസം വളര്‍ത്തിയെടുക്കലാണ്, അവരെ കീറിമുറിക്കുകയല്ല നമ്മുടെ ലക്ഷ്യം എന്നാണ് (വാ. 29). ഒരു വാദം ജയിക്കാന്‍ നാം മറ്റുള്ളവരെ തകര്‍ക്കുകയാണോ? അല്ലെങ്കില്‍, ഒരു കര്‍ത്താവിലുള്ള വിശ്വാസം നാം പങ്കുവെക്കുന്നുവെന്നോര്‍ത്ത് അവന്റെ സമയത്തിലും അവന്റെ വഴികളിലും അവന്റെ സത്യങ്ങള്‍ നമ്മെ ഗ്രഹിപ്പിക്കാന്‍ ദൈവത്തെ അനുവദിക്കുകയാണോ? (വാ. 4-6).

അലറിയ എലി

വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനും മക്കളും കുറച്ചുദിവസം പര്‍വതനിരകളിലെ ഒരു വനത്തില്‍ ക്യാമ്പു ചെയ്തു. ഈ സ്ഥലം ഒരു കടുവ സംരക്ഷണ കേന്ദ്രമായിരുന്നു, എങ്കിലും അസുഖകരമായ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി ഞങ്ങള്‍ കഴിയുന്നത്ര സുരക്ഷിതരായിരിക്കാന്‍ ശ്രമിച്ചു. ഒരു അര്‍ദ്ധരാത്രിയില്‍, എന്റെ മകന്‍ രോഹിത് കൂടാരത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നത് ഞാന്‍ കേട്ടു. ഞാന്‍ എന്റെ ഫ്‌ളാഷ്ലൈറ്റ് എടുത്ത് അത് ഓണാക്കി, അവനു മുമ്പില്‍ ഒരു യഥാര്‍ത്ഥ അപകടമായിരിക്കാം ഞാന്‍ കാണാന്‍ പോകുന്നതെന്ന് ഞാന്‍ പ്രതീക്ഷിച്ചു.

അവിടെ, നാലിഞ്ച് ഉയരമുള്ള ഒരു എലി നിവര്‍ന്നിരുന്ന് കൈകാലുകള്‍ വായുവില്‍ ചലിപ്പിക്കുന്നത് ഞാന്‍ കണ്ടു. അത് രോഹിതിന്റെ തൊപ്പി മുറുകെ കടിച്ചു പിടിച്ചിരുന്നു. ആ ചെറിയ ജീവി അവന്റെ തലയില്‍ നിന്ന് തൊപ്പി വിട്ടുപിരിയുന്നതുവരെ വലിച്ചിഴച്ചിരുന്നു. ഞാന്‍ ചിരിക്കാന്‍ തുടങ്ങിയപ്പോള്‍, എലി തൊപ്പി ഉപേക്ഷിച്ച് ഓടിപ്പോയി. ഞങ്ങള്‍ വീണ്ടും ഞങ്ങളുടെ കൂടാരങ്ങളിലേക്ക് നൂണ്ടു കടന്നു. എന്നിരുന്നാലും, ഞാന്‍ പൂര്‍ണ്ണമായും ഉണര്‍ന്നിരുന്നു, ഉറങ്ങാന്‍ കഴിയാതെ മറ്റൊരു വേട്ടക്കാരനെക്കുറിച്ച് ചിന്തിച്ചു - പിശാച്.

യേശുവിനെ സാത്താന്‍ പരീക്ഷിക്കുന്നത് ചിന്തിക്കുക (മത്തായി 4:1-11). അവന്‍ തന്റെ പ്രലോഭനങ്ങളെ തിരുവെഴുത്തുകളുമായി കൂട്ടിക്കലര്‍ത്തി. ഓരോ ഉത്തരത്തിലും, ദൈവം ഈ വിഷയത്തില്‍ സംസാരിച്ചിട്ടുണ്ടെന്നും അതിനാല്‍ താന്‍ അതിന് അനുസരണക്കേടു കാണിക്കില്ലെന്നും യേശു അവനെ ഓര്‍മിപ്പിച്ചു. ഇത് പിശാച് ഓടിപ്പോകാന്‍ കാരണമായി.

സാത്താന്‍ നമ്മെ വിഴുങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, അവന്‍ എലിയെപ്പോലെയുള്ള ഒരു സൃഷ്ടിയാണെന്ന് ഓര്‍മ്മിക്കുന്നത് നല്ലതാണ്. യോഹന്നാന്‍ പറഞ്ഞു, ''നിങ്ങളിലുള്ളവന്‍ ലോകത്തില്‍ ഉള്ളവനെക്കാള്‍ വലിയവനല്ലോ'' (1 യോഹന്നാന്‍ 4:4).